International
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തി ഒരു വർഷത്തിനു ശേഷമാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സംഘടനയ്ക്ക് 130 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റം. സംഘടനയിൽനിന്നു പിന്മാറാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകുകയും കുടിശികയുള്ള സാമ്പത്തികബാധ്യത തീർക്കുകയും വേണം.
ഒരു വർഷം മുമ്പ് പിന്മാറ്റ നോട്ടീസ് നൽകിയ യുഎസ് കുടിശിക അടച്ചില്ല. 133 മില്യൺ യുഎസ് ഡോളറിലധികം നൽകാനുണ്ടെന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ അംഗത്വത്തിൽനിന്നു പിന്മാറുന്നതിനു മുമ്പ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണു യുഎസ് വാദിക്കുന്നത്.
ട്രംപിന്റെ ഏറ്റവും വിനാശകരമായ തീരുമാനമാണിതെന്ന് ജോർജ്ടൗൺ സർവകലാശാലയിലെ പൊതുജനാരോഗ്യ നിയമ വിദഗ്ധൻ ലോറൻസ് ഗോസ്റ്റിൻ പറഞ്ഞു. പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രവർത്തനങ്ങളെ യുഎസിന്റെ പിന്മാറ്റം ബാധിക്കും. വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള യുഎസ് ശാസ്ത്രജ്ഞരുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും ശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ നിർമാർജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണം എന്നിവയുൾപ്പെടെ നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ യുഎസ് പിൻവാങ്ങൽ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയാണ് ലോകാരോഗ്യ സംഘടന. എംപോക്സ്, എമ്പോള, പോളിയോ തുടങ്ങിയ പകർച്ചവ്യാധികൾ പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ നേരിടുകയും പ്രതിരോധം ഏകോപിപ്പിക്കുകയും ചെയ്യുകയാണു സംഘടനയുടെ ഒരു ലക്ഷ്യം. ദരിദ്രരാജ്യങ്ങൾക്കു സാങ്കേതിക സഹായം നൽകുന്നുണ്ട്. ഇതിനൊപ്പം വാക്സിനുകളും ചികിത്സകളും നൽകുന്നു. മാനസികാരോഗ്യം, കാൻസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആരോഗ്യ അവസ്ഥകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഇതിൽ അംഗങ്ങളാണ്. വളരെക്കാലമായി സംഘടനയെ നിലനിർത്തുന്നത് അമേരിക്കയുടെ വമ്പൻ സാമ്പത്തിക സഹായമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് അംഗത്വ വിഹിതമായി അമേരിക്ക പ്രതിവർഷം ശരാശരി 111 ദശലക്ഷം യുഎസ് ഡോളറും വാർഷിക സംഭാവനയായി ഏകദേശം 570 ദശലക്ഷം യുഎസ് ഡോളറും നൽകുന്നുണ്ട്.
Kerala
തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്.
സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നൽകുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനൽകിയിട്ടും കെടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു.
യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയാറെടുക്കവേ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു.